പൊലീസ് പിന്തുടർന്നതിനെ തുടർന്ന് വിദ്യാർത്ഥി അപകടത്തിൽ മരിച്ച സംഭവം: എസ് ഐ അടക്കം മൂന്ന് പൊലീസുകാർക്കെതിരെ കോടതി നേരിട്ട് കേസെടുത്തു

കാസർകോട്: പൊലീസ് പിന്തുടരുന്നതിനിടയിൽ കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവത്തിൽ പൊലീസിനെ പ്രതിയാക്കി കോടതി നേരിട്ട് കേസെടുത്തു. കുമ്പള പേരാൽ കണ്ണൂർ കുന്നിൽ ഹൗസിലെ പരേതനായ അബ്‌ദുല്ലയുടെയും സഫിയയുടെയും മകനും അംഗഡിമൊഗർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയുമായ മുഹമ്മദ് ഫർഹാസ് (17) മരണപ്പെട്ട സംഭവത്തിലാണ് കോടതിയുടെ ഇടപെടൽ.
ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്ഐ എസ് ആർ രജിത്, സിപിഒമാരായ ടി ദീപു, പി രഞ്ജിത് എന്നിവർക്കെതിരെയാണ് നരഹത്യയ്ക്ക് കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതി (രണ്ട്) കേസെടുത്തത്. കേസ് അടുത്ത വർഷം ജനുവരി ആറിന് പരിഗണിക്കും. വിദ്യാർത്ഥിയുടെ മാതാവ് സഫിയയുടെ പരാതി പരിഗണിച്ചാണ് കോടതിയുടെ ഈ നടപടി. സഫിയയുടെ മൊഴി കോടതി ചൊവ്വാഴ്ച രേഖപ്പെടുത്തിയിരുന്നു. കേസിൽ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും, കളക്ടർക്കും, ജില്ലാ പൊലീസ് മേധാവിക്കും, മനുഷ്യാവകാശ കമ്മീഷനും, ബാലാവകാശ കമ്മീഷനും സഫിയ പരാതി നൽകിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 25ന് സ്‌കൂളിൽ ഓണ പരിപാടി നടന്ന ദിവസം ഉച്ചയ്ക്കാണ് അപകടം നടന്നത്. സ്കൂളിലെ ഓണാഘോഷത്തിന്റെ ഭാഗമായി ഫർഹാസും സുഹൃത്തുക്കളും കാറിൽ സ്കൂളിൽ എത്തിയിരുന്നു. ഇതിനിടെ ഖത്വീബ് നഗർ എന്ന സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാർ പരിശോധിക്കാൻ എത്തിയപ്പോൾ വിദ്യാർഥികൾ കാർ ഓടിച്ചു പോവുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
എന്നാൽ പൊലീസുകാർ ആക്രോശിക്കുകയും കാറിന്റെ ഡോറിലേക്ക് ചവിട്ടുകയും ചെയ്തപ്പോൾ കുട്ടികൾ പേടിച്ചാണ് കാർ ഓടിച്ചുപോയതെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. പൊലീസ് വാഹനം പിന്തുടർന്നതിനെ തുടർന്ന് കളത്തൂർ പള്ളത്ത് വെച്ചാണ് ഫർഹാസും മൂന്ന് സഹപാഠികളും സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് മംഗളൂരുലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് 29ന് ഫർഹാസ് മരണത്തിന് കീഴടങ്ങിയത്.
ഫർഹാസിന്റെ മരണത്തിൽ പ്രതിഷേധം ശക്തമായതോടെ എസ്‌ഐ രജിത്, സിപിഒ ദീപു, രഞ്ജിത് എന്നിവരെ അന്വേഷണത്തിന്റെ ഭാഗമായായി സ്ഥലം മാറ്റിയിരുന്നു. ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. എന്നാൽ
പൊലീസിന് വീഴ്ച‌ ഉണ്ടായിട്ടില്ലെന്ന തരത്തിലുള്ള റിപോർട്ടാണ് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയത്. പൊലീസ് പിന്തുടരുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഉള്ള കാര്യവും തെളിവായി ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രഥമദൃഷ്ട്‌ടാ കേസുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. സാക്ഷികളുടെ മൊഴിയെടുക്കുന്നതിനായി കേസ് ഇനി 2024 ജനുവരി ആറിന് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page