പഴനി ക്ഷേത്രം വിനോദ സഞ്ചാര കേന്ദ്രമല്ല; അഹിന്ദുക്കള്‍ക്ക് പ്രവേശിക്കണമെങ്കില്‍ സത്യവാങ്മൂലം വേണമെന്ന് മദ്രാസ് ഹൈക്കോടതി

തമിഴ്‌നാട് പഴനി മുരുകന്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി മധുര ബെഞ്ചിലെ ജഡ്ജി ജസ്റ്റിസ് എസ് ശ്രീമതിയാണ് വിധി പ്രസ്താവിച്ചത്. പളനി ദണ്ഡായുധപാണി സ്വാമി ക്ഷേത്രത്തിലും ഉപക്ഷേത്രങ്ങളിലും ഹിന്ദുക്കള്‍ക്ക്
മാത്രം പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡി സെന്തില്‍കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തില്‍ സ്ഥിതി ചെയ്യുന്ന കൊടിമരത്തിനപ്പുറം അഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കുന്നില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. അഹിന്ദുക്കള്‍ക്കും ഹിന്ദു ദൈവങ്ങളില്‍ വിശ്വാസമില്ലാത്തവര്‍ക്കും പ്രവേശനമില്ലെന്നു സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ ക്ഷേത്രത്തില്‍ പുനഃസ്ഥാപിക്കാനും നിര്‍ദേശിച്ചു.
മുരുകനില്‍ വിശ്വസിച്ച് ദര്‍ശനത്തിന് എത്തിയതാണെന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഇതര മതസ്ഥര്‍ക്ക് ദര്‍ശനം അനുവദിക്കാമെന്നും കോടതി വ്യക്തമാക്കി. ഇതിനായി ക്ഷേത്രത്തില്‍ പ്രത്യേക റജിസ്റ്റര്‍ സൂക്ഷിക്കണം. അഹിന്ദുക്കള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിലക്കുന്ന ബോര്‍ഡ് എക്‌സിക്യുട്ടീവ് ഓഫിസര്‍ നീക്കം ചെയ്തതു ചോദ്യം ചെയ്തുള്ള പഴനി സ്വദേശിയുടെ ഹര്‍ജിയിലാണ് കോടതി വിധി.
വ്യക്തികള്‍ക്ക് അവരവരുടെ മതത്തില്‍ വിശ്വസിക്കാനും ആചാരങ്ങള്‍ അനുഷ്ഠിക്കാനും അവകാശമുണ്ടെന്നും മറ്റ് മതവിശ്വാസികള്‍ക്ക് ഹിന്ദു മതത്തില്‍ വിശ്വാസമില്ലെങ്കില്‍ ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിക്കാന്‍ ഭരണഘടന ഒരു അവകാശവും നല്‍കുന്നില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, പഴനി ക്ഷേത്ര വിഷയത്തില്‍ മാത്രമായിട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളതെന്നതിനാല്‍ വിധി ക്ഷേത്രത്തിന് മാത്രമായി ചുരുങ്ങിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page