‘മദ്യം വാങ്ങാന്‍ കഷ്ടപ്പാടുകള്‍..’; കൂടുതല്‍ കൗണ്ടറുകള്‍ ഏര്‍പ്പെടുത്തും; നവകേരള സദസില്‍ മദ്യപന്‍ നല്‍കിയ അപേക്ഷയില്‍ ഉടനടി നടപടി

നവകേരള സദസ്സില്‍ മദ്യപന്‍ നല്‍കിയ അപേക്ഷയില്‍ ഉടന്‍ നടപടി.
പാലക്കാട് സ്വദേശി ഷിബുവിന്റെ പരാതിയാണ് സര്‍ക്കാര്‍ പരിഗണിച്ചത്. പഞ്ചായത്തിലെ ബീവറേജ് ഔട്ട്‌ലറ്റിലേക്ക് കിലോമീറ്ററോളം സഞ്ചരിച്ച് നീണ്ട വരിയില്‍ നിന്നാലും, മദ്യം കിട്ടാന്‍ സമയം എടുക്കുന്നു എന്നുള്ളതായിരുന്നു ഷിബുവിന്റെ പ്രധാന പരാതി. മാത്രമല്ല മദ്യം വാങ്ങാന്‍ നില്‍ക്കുന്നവര്‍ക്ക് സ്ഥലപരിമിതി ഒരു പ്രശ്‌നമാണെന്നും ഇതു പരിഹരിക്കണമെന്നും ഷിബു ആവശ്യപ്പെട്ടിരുന്നു. നീണ്ട വരി ഒഴിവാക്കാന്‍ നടപടി വേണമെന്നും പാലക്കാട് എലപ്പുള്ളി സ്വദേശിയായ ഷിബു തന്റെ ആവശ്യങ്ങളില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഷിബു നല്‍കിയ പരാതിയില്‍ സര്‍ക്കാര്‍ നടപടി കൈക്കൊണ്ടത് അതിവേഗമാണ്. എന്നാല്‍ സര്‍ക്കാരിന്റെ ഈ ആത്മാര്‍ത്ഥത വലിയ വിമര്‍ശനങ്ങളാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നതെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. തൊട്ടടുത്ത ഷോപ്പില്‍ ഉടനെ പുതിയ കൗണ്ടറുകള്‍ തുറക്കുമെന്ന് സര്‍ക്കാര്‍ രേഖാമൂലം അറിയിച്ചു. ബീവറേജസ് കോര്‍പ്പറേഷന്‍ തൃശൂര്‍ റീജിയണല്‍ ഓഫീസില്‍ നിന്നാണ് ഷിബു നല്‍കിയ പരാതിയില്‍ മറുപടി എത്തിയത്. ഷോപ്പിന്റെ നിലവിലുള്ള സ്ഥലസൗകര്യം വര്‍ദ്ധിപ്പിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കൗണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും സെല്‍ഫ് ഹെല്‍പ് പ്രീമിയം സൗകര്യം ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ ഷിബുവിന് നല്‍കിയ മറുപടിയില്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം ഇതേ പഞ്ചായത്തില്‍ ലോട്ടറി വില്‍പന നടത്തുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ശ്രീദേവിയും നവകേരള സദസില്‍ വീട് വയ്ക്കാന്‍ സഹായിക്കണമെന്ന് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇതിന് ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ല. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page