സ്വയം മാലയിട്ട് യുവതികൾ; പണം കൊടുത്ത് ആളുകളെ വധുവരന്മാരായി അഭിനയിപ്പിച്ചു, സർക്കാർ ഉദ്യോ​ഗസ്ഥരടക്കം 15 പേർ അറസ്റ്റിൽ

സ്വയം വരണമാല്യം അണിഞ്ഞ് യുവതികള്‍; വീഡിയോ വൈറലായതോടെ പുറത്തായത് വലിയ സമൂഹവിവാഹത്തട്ടിപ്പ്. വിവാഹവേഷത്തിലുള്ള യുവതികള്‍ അവരവരെ തന്നെ വരണമാല്യം ചാര്‍ത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. വരന്റെ വേഷമണിഞ്ഞ ഏതാനും യുവാക്കള്‍ മുഖം മറച്ചുനില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഉത്തർപ്രദേശിലാണ് വൻ സമൂഹ വിവാഹത്തട്ടിപ്പ് അരങ്ങേറിയത്. സംഭവത്തിൽ സർക്കാർ ഉദ്യോ​ഗസ്ഥരടക്കം 15 പേർ അറസ്റ്റിലായി.
യുവതികൾ സ്വയം മാല ചാർത്തുന്ന വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ബാലിയ ജില്ലയിൽ ജനുവരി 25-നാണ് സമൂഹവിവാഹം നടന്നത്. 568 ജോഡികളാണ് വിവാഹിതരായത്. എന്നാൽ ഇവരിൽ ഭൂരിഭാ​ഗവും പ്രതിഫലം വാങ്ങി വധൂവരൻമാരായി അഭിനയിക്കുകയായിരുന്നുവെന്നാണ് ‘എൻഡിടിവി’ റിപ്പോർട്ട് ചെയ്യുന്നത്. 500 മുതൽ 2000 രൂപവരെ കൊടുത്താണ് തട്ടിപ്പിനായി യുവതീയുവാക്കളെ ഏർപ്പാടാക്കിയതെന്ന് റിപ്പോർട്ടറിൽ പറയുന്നു. പണം നൽകി തങ്ങളെ അഭിനയിപ്പിക്കുകയായിരുന്നുവെന്ന് ​ഗ്രാമവാസികൾ പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

വിവാഹം കാണാനായി എത്തിയവരെയാണ് വരൻമാരായി പിടിച്ചിരുത്തിയതെന്ന് ​ഗ്രാമവാസികളായ യുവാക്കൾ പറഞ്ഞു. വിവാഹം കാണാനായി എത്തിയ തന്നെ വരന്റെ വേഷം ധരിപ്പിച്ച് വേദിയിലിരുത്തിയെന്നും പണം നൽകാമെന്ന് പറഞ്ഞെന്നും നിരവധി പേരെ അങ്ങനെ പിടിച്ചിരുത്തിയെന്നും പ്രദേശവാസിയായ 19കാരൻ പറഞ്ഞു. സമൂഹവിവാഹങ്ങൾക്ക് ​ഗവൺമെന്റിൽ നിന്നും നിശ്ചിത തുക അനുവദിക്കാറുണ്ട്. ഇത് തട്ടിയെടുക്കാനായി ​ഗവൺമെന്റ് ഉദ്യോ​ഗസ്ഥരടക്കം ചേർന്ന് നടത്തിയ തട്ടിപ്പാണ് പുറത്തുവന്നത്. ഉത്തര്‍പ്രദേശില്‍ സമൂഹവിവാഹം നടത്തുന്നതിന് അമ്പത്തൊന്നായിരം രൂപയുടെ സര്‍ക്കാര്‍ പദ്ധതിയുണ്ട്. പദ്ധതി പ്രകാരം വിവാഹിതയാകുന്ന യുവതിക്ക് 35,000 രൂപ ലഭിക്കും. 10,000 രൂപ വിവാഹത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിനും 6,000 രൂപ മറ്റ് വിവാഹച്ചിലവുകള്‍ നടത്താനുമുള്ളതാണ്. ഈ തുകയ്ക്ക് വേണ്ടിയാണ് തട്ടിപ്പ് നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം.
ഫണ്ട് കൈമാറുന്നതിനു മുമ്പ് തന്നെ തട്ടിപ്പ് തിരിച്ചറിഞ്ഞന്നും അന്വേഷണത്തിനായി പ്രത്യേക കമ്മിറ്റിയെ നിയോ​ഗിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. ബിജെപി എംഎൽഎ കേതകി സിങ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. സംഘാടകർ രണ്ട് ദിവസം മുമ്പ് മാത്രമാണ് പരിപാടിയെപ്പറ്റി അറിയിക്കുന്നതെന്നും കൃത്യമായ അന്വേഷണം വിഷയത്തിൽ നടത്തുമെന്നുമാണ് എംഎൽഎയുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page