അടുത്ത രണ്ടുവര്‍ഷത്തിനകം 400 ഭവനങ്ങള്‍ നിര്‍മിക്കും; പ്രഖ്യാപനവുമായി കാസര്‍കോട് ജില്ലാ പഞ്ചായത്ത് ബജറ്റ്

കാസര്‍കോട്: കാസര്‍കോടിനെ അതിദാരിദ്ര്യമുക്ത ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായി നൂതന പദ്ധതികളുമായി കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ വര്‍ഷിക ബജറ്റ്. അടുത്ത രണ്ടുവര്‍ഷത്തിനകം 400 ഭവനം നിര്‍മ്മിക്കുന്ന നികേതനം-നവകേരള ഭവന പദ്ധതിക്ക് ഈ ബജറ്റിലൂടെ തുടക്കമിടും. ത്രിതലപഞ്ചായത്ത്, മുന്‍സിപ്പാലിറ്റിയുമായി ചേര്‍ന്ന് ഈ പദ്ധതി നടപ്പിലാക്കുമെന്ന് കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് ഷാനവാസ് പാദൂര്‍ അവതരിപ്പിച്ച ബജറ്റില്‍ വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഭരണസമിതി യോഗത്തില്‍ പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അദ്ധ്യക്ഷയായി. 82.06 കോടി രൂപയുടെ വരവും, 81.05 കോടി രൂപയുടെ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റ് ആണ് അവതരിപ്പിച്ചത്. അടിസ്ഥാന ജന വിഭാഗങ്ങളെ ചേര്‍ത്ത് നിര്‍ത്തി സമഗ്ര വികസനം സാധ്യമാക്കുകയാണ് ലക്ഷ്യം.
പോഷകാഹാര കുറവ് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക പദ്ധതിക്കും ജില്ലാ ആശുപത്രിക്ക് സ്ഥലം വാങ്ങുന്നതിനും ഒന്നരക്കോടി രൂപയും ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. പാലിയേറ്റീവ് പരിശീലന കേന്ദ്രം, തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകള്‍ക്ക് സണ്‍ഡേ ലാബ്, കുട്ടികളുടെ മാനസികാരോഗ്യം വീണ്ടെടുക്കാന്‍ റിഥം പദ്ധതി. ലൈബ്രറികള്‍ക്ക് പുസ്തകം വാങ്ങാന്‍ കാല്‍കോടി. ജൈവ വൈവിധ്യ സംരക്ഷണത്തിന് 40 ലക്ഷം. വയോജനങ്ങള്‍ക്കായി സായന്തനം പദ്ധതി. ചട്ടഞ്ചാലില്‍ മോഡല്‍വയോജന പാര്‍ക്ക് സ്ഥാപിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ അമ്മമാരെ സഹായിക്കാന്‍ സ്വയം തൊഴില്‍ പരിശീലനത്തിന് പത്തുലക്ഷം അനുവദിച്ചു. തീരദേശ മേഖലയില്‍ ടൂറിസം കാര്‍ണിവല്‍ ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page